കുടുംബ ചരിത്രം • കുടുംബ ചരിത്രം • കുടുംബ ചരിത്രം • കുടുംബ ചരിത്രം • കുടുംബ ചരിത്രം • കുടുംബ ചരിത്രം • കുടുംബ ചരിത്രം • കുടുംബ ചരിത്രം •

കുടുംബ ചരിത്രം

മഞ്ഞനാനിക്കൽ കുടുംബചരിത്രം

— ഭാഗം 1 —

പൂർവ്വചരിത്രം

ശങ്കരപുരി തെക്കേടത്തു കുടുംബം

മാർ തോമ്മാശ്ലീഹാ മാമ്മോദീസാ വഴി ക്രിസ്തുമതത്തിലേക്ക് നയിച്ച കള്ളി, കാളികാവ്, ശങ്കരപുരി, പകലോമറ്റം എന്നീ നാല് ഇല്ലക്കാരിൽ ശങ്കരപുരി കുടുംബത്തിന്റെ ഒരു ശാഖയാണ് കുറവിലങ്ങാട് തെക്കേടത്തു കുടുംബം. കുറവിലങ്ങാട്ടു പള്ളിയുടെ തെക്കു ഭാഗത്തു താമസിച്ചിരുന്ന ശങ്കരപുരി കുടുംബത്തിന് തെക്കേടത്ത് എന്നുകൂടി പേരു ലഭിച്ചു. കാലക്രമേണ ഈ കുടുംബത്തിൽ നിന്നും കുടമാളൂർ, എടത്വാ, പുത്തൻകാവ്, പത്തനാപുരം, മണിമല, കൊട്ടാരക്കര, മാവേലിക്കര മുതലായ സ്ഥലങ്ങളിലേക്ക് ശാഖകൾ മാറിത്താമസിച്ചു.

കുടമാളൂർ ശാഖയുടെ ആരംഭം കുടമാളൂർ പള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടമാളൂർ ദേവാലയസ്ഥാപനത്തിന്റെ മുന്നോടിയായി കുരിശു നാട്ടിയത് എ.ഡി. 1125-ലാണെന്ന് വിശ്വസിക്കപ്പെടുന്നു. തുടർന്ന് പള്ളി സ്ഥാപിതമായെങ്കിലും ദേവാലയകർമ്മങ്ങളിൽ സംബന്ധിക്കുന്നതിനു ക്രിസ്ത്യാനികൾ വളരെ കുറവായിരുന്നു. ഈ കുറവ് പരിഹരിച്ചത് അന്നത്തെ ക്രൈസ്തവകേന്ദ്രമായിരുന്ന കുറവിലങ്ങാട്ടുനിന്നും തെക്കേടം, വടക്കേടം, പങ്കുക്കൾ, മുക്കുകൾ, കരിമ്പാഴി എന്നീ അഞ്ചു ക്രൈസ്തവ കുടുംബങ്ങളെ കൊണ്ടുവന്ന് കുടമാളൂർ പള്ളിക്കു സമീപം താമസിപ്പിച്ചുകൊണ്ടായിരുന്നു. കാലാന്തരത്തിൽ തെക്കേടത്തു കുടുംബത്തിന്റെ ചില ശാഖകൾ കുടമാളൂർ ആറിന്റെ വടക്കേ കരയിലുള്ള ആർപ്പൂക്കര അങ്ങാടിയിലും താമസമാക്കി.

കുടമാളൂർ ശങ്കരപുരി തെക്കേടത്ത് കോരയും കുര്യനയ്പും

18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കുടമാളൂർ ശങ്കരപുരി തെക്കേടത്തു കുടുംബത്തിന്റെ നാഥൻ ആർപ്പൂക്കര അങ്ങാടിക്കൽ താമസിച്ചിരുന്ന നസ്രാണി പോത്തൻ മകൻ കോരയായിരുന്നു. കോരയുടെ ഇളയ സഹോദരൻ കുര്യനയ്പ് (പിൽക്കാലം കുര്യേപ്പ്). കോര സംഗീത സാഹിത്യാദി കലകളിൽ പ്രവീണനും നിമിഷകവിയുമായിരുന്നു. തമിഴ്നാട്ടിൽ ചെന്ന് അപ്പയ്യയ്യങ്കാർ എന്ന വിദഗ്ദ്ധനു ശിഷ്യപ്പെട്ട് നാദസ്വരവായനയിൽ നൈപുണ്യവും നേടിയിരുന്നു. അക്കാലത്ത് കുടമാളൂരും സമീപപ്രദേശങ്ങളിലും പ്രസിദ്ധനായിരുന്ന കോര, കലാസപര്യയോടൊപ്പം സ്വന്തം നാടിന്റെ അഭിവൃദ്ധിക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് ആർപ്പൂക്കര അങ്ങാടിയിൽത്തന്നെ താമസിച്ചു വന്നു. കോരയ്ക്ക് വലിയ സുഹൃദ്‌സമ്പത്തുമുണ്ടായിരുന്നു.

സഹോദരൻ കുര്യേപ്പ് വ്യാപാരപ്രിയനും, സാഹസികനുമായിരുന്നു. പുതിയ വ്യാപാരസാധ്യതകൾ തേടി കുര്യേപ്പ് കുടമാളൂരിൽനിന്നു കവണാർവഴി കിഴക്കോട്ടു യാത്രചെയ്തു ചേർപ്പുങ്കൽ എത്തി. മലഞ്ചരക്കുകളുടെ ലഭ്യതയും കയറ്റിയിറക്കുന്നതിനുമുള്ള സൗകര്യവും പരിഗണിച്ച് അദ്ദേഹം ചേർപ്പുങ്കൽ മൂറ്റുപിടിക്കയിൽ കടവിനു സമീപം കോട്ടവഴിക്കു തെക്ക് ചിറക്കൽ താമസിച്ചു മലഞ്ചരക്കുവ്യാപാരം ആരംഭിച്ചു. എന്നാൽ ഈ കാലഘട്ടത്തിനു മുൻപ് കുടമാളൂർ ഉൾപ്പെട്ട ചെമ്പകശ്ശേരിരാജ്യം മാർത്താണ്ഡവർമ്മരാജാവ് തിരുവിതാംകൂറിനോടു ചേർത്തിരുന്നു. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ധർമ്മരാജാവ് എന്ന് പ്രഖ്യാതമായ കാർത്തികതിരുനാളായിരുന്നു (ധർമ്മരാജാവ് 1758-98 എ.ഡി.).

വിപുലമായ തോതിൽ മലഞ്ചരക്കുവ്യാപാരം നടത്തിവന്ന കുര്യേപ്പ് രാജഭോഗം കൊടുക്കാൻ വീഴ്ച വരുത്തിയതിനാൽ രാജകോപത്തിനിരയായി. സഹോദരനെ രാജകോപത്തിൽനിന്നു രക്ഷിക്കുവാൻ കോര തന്റെ സുഹൃത്തായിരുന്ന തച്ചിൽ മാത്തുത്തരകന്റെ സഹായം തേടി. മാത്തുത്തരകൻ വലിയ ദിവാൻജി എന്ന് അറിയപ്പെട്ടിരുന്ന രാജാകേശവദാസന്റെ മുൻപിൽ കോരയെ ആനയിച്ചു.

ആലപ്പുഴ തുറമുഖത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ച് രാജാ കേശവദാസൻ ആലപ്പുഴയിൽ ക്യാമ്പുചെയ്തിരുന്ന സമയത്തായിരുന്നു ഇത്. സംഗതികളുടെ നിജസ്ഥിതി മനസ്സിലാക്കിയ ദിവാൻജി കോരയെ ധർമ്മരാജാവിന്റെ മുൻപിൽ ഹാജരാക്കി. കോര ദ്രുതകവനമായി ഒരു മംഗളശ്ലോകം ചൊല്ലി മഹാരാജാവിനെ സ്തുതിച്ചു. തുടർന്നുള്ള സംഭാഷണത്തിലും കോരയുടെ സംഗീതസിദ്ധികളിലും സംതൃപ്തനായ രാജാവ് സഹോദരൻ കുര്യേപ്പിനെ രാജകോപത്തിൽ നിന്നു വിമുക്തനാക്കി. കോരയ്ക്ക് പണിക്കർസ്ഥാനവും വീരശൃംഖലയും വീരാളിപ്പട്ടും കൽപ്പിച്ചു സമ്മാനിക്കുകയും ചെയ്തു. അങ്ങനെ തെക്കേടത്ത് കോര കോരപ്പണിക്കരായി. കോരപ്പണിക്കരുടെ വീട് പണിക്കർ വീട് എന്നും കാലാന്തരത്തിൽ ലോപിച്ച് 'പണിക്കരീടം' എന്നും അറിയപ്പെട്ടുപോന്നു.

കോരപ്പണിക്കരുടെ പിൻഗാമികൾ തെക്കേടത്ത് പണിക്കരീടും, പ്ലാന്തോട്ടം, മറ്റം എന്നിങ്ങനെ വിവിധ പേരുകളിൽ കുടമാളൂർ, ആർപ്പൂക്കര, മരിറാനം പ്രദേശങ്ങളിൽ താമസമുണ്ട്. ചേർപ്പുങ്കൽ ചിറക്കൽ താമസമാക്കിയ കുര്യേപ്പ് അവിടത്തന്നെ സ്ഥിരതാമസമാക്കി (ആലംബം: ശങ്കരപുരി-തെക്കേടത്തു കുടുംബചരിത്രഡയറക്ടറി).

ചിറക്കൽ കുര്യേപ്പ്

രാജകോപത്തിൽനിന്നു വിമുക്തനായ കുര്യേപ്പ് വ്യാപാരം പൂർവ്വാധികം സജീവമാക്കി. മലഞ്ചരക്കിനൊപ്പം പലചരക്കുവ്യാപാരവും തുടങ്ങി. കുര്യേപ്പിന്റെ വീടും പിടികയും പീടികശാലയും ഒരുമിച്ചായിരുന്നു. സുരക്ഷിതത്വം കരുതിയായിരിക്കണം അക്കാലത്ത് വ്യാപാരിയും കുടുംബവും കച്ചവടപ്പിടികയിൽത്തന്നെ താമസിക്കുന്നരീതിയാണ് നിലവിലിരുന്നത്. ചരക്ക് കയറ്റിയിറക്കുന്നതിനു മുഖ്യമായി ഉപയോഗിച്ചിരുന്നത് വലിയ കെട്ടുവള്ളങ്ങളായിരുന്നു. ആലപ്പുഴ, കോട്ടയം, കുടമാളൂർ മുതലായ പ്രദേശങ്ങളിൽ നിന്നു ചരക്കുകളുമായി വരുന്ന വലിയ കെട്ടുവള്ളങ്ങൾക്ക് ഏതാണ്ട് ആണ്ടുവട്ടം മുഴുവൻ മീനച്ചിലാറുവഴി പാലാ ഭാഗം വരെ സഞ്ചരിക്കുന്നതിന് അക്കാലത്ത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. നെല്ല്, അരി, പലവ്യഞ്ജനങ്ങൾ, പുകയില മുതലായ സാധനങ്ങൾ വള്ളത്തിൽ മൂറ്റുപിടിക്കയിൽ കടവിലിറക്കി ചിറക്കൽ പീടികയിലെത്തിച്ചു സമീപപ്രദേശങ്ങളിലുള്ള ചെറുകിടവ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വിൽക്കുകയും കുരുമുളക്, ചുക്ക്, മഞ്ഞൾ, കാപ്പിക്കുരു മുതലായവ സമീപപ്രദേശങ്ങളിൽനിന്നു ശേഖരിച്ച് തലച്ചുമടായും, കാളവണ്ടിയിലും കടവിലെത്തിച്ച് ടി വള്ളങ്ങളിൽത്തന്നെ കോട്ടയം, കുടമാളൂർ, ആലപ്പുഴ മുതലായ സ്ഥലങ്ങളിലെത്തിച്ച് വിൽപ്പന നടത്തുകയും ചെയ്തു വന്നു. ചുരുങ്ങിയ സമയം കൊണ്ട് കുര്യേപ്പ് സ്ഥലത്തെ മികച്ച വ്യാപാരിയായിത്തീർന്നു. കിടങ്ങൂർ പകുതിയിൽ വടക്കെ പെരിങ്ങോട്ടിക്കോവ്, പൂവപ്പള്ളി, മാറിയിടം കരകളിൽ, സ്ഥലത്തെ പ്രധാന ജന്മിയായിരുന്ന കമ്പിള്ളി നമ്പൂതിരിയിൽനിന്ന് കാണപ്പാട്ടമായി ചിറക്കൽ അടുത്തു പടിഞ്ഞാറെ മണ്ണൂർ പുരയിടവും, കോത്തോച്ചിക്കുന്ന്, ഇടവഴിക്കൽ പുരയിടങ്ങളും, കോത്തോച്ചിക്കുന്ന് മറ്റവും, വട്ടുകുളത്തിൽ പുരയിടവും സ്വന്തമാക്കിയിരുന്നു.

ചിറക്കൽ കുര്യേപ്പിന് മൂന്ന് ആൺമക്കൾ:

പോത്തൻ

ഉലഹന്നാൻ

കുര്യേപ്പ്

മൂത്തമകൻ പോത്തൻ ചിറക്കൽ താമസിച്ച് വ്യാപാരത്തിൽ പിതാവിന്റെ സഹായിയും പങ്കാളിയുമായി കഴിഞ്ഞു. ഉലഹന്നാനും കുര്യേപ്പിനും വ്യാപാരകാര്യങ്ങളിൽ വലിയ താല്പര്യമില്ലായിരുന്നു. ഭാഗംവച്ച് ചിറക്കൽ പുരയിടവും മാറിയിടം കരയിൽ വട്ടുകുളത്തിൽ പുരയിടവും പോത്തനും, വടക്കെ പെരിങ്ങോട്ടിക്കോവ് കരയിൽ പടിഞ്ഞാറെ മണ്ണൂർ പുരയിടവും പൂവപ്പള്ളി കരയിൽ കമ്പിള്ളി നമ്പൂതിരിവക കാണം കോത്തോച്ചിക്കുന്ന് മറ്റം പുരയിടത്തിന്റെ പകുതിയും, ടി കോത്തോച്ചിക്കുന്ന് നിലത്തിന്റെ പകുതിയും ഉലഹന്നാനും, പൂവപ്പള്ളി കരയിൽ ഇടവഴിക്കൽ പുരയിടവും കോത്തോച്ചിക്കുന്ന് മറ്റം പുരയിടത്തിന്റെ പകുതിയും, ടി നിലത്തിന്റെ പകുതിയും കുര്യേപ്പിനും ലഭിച്ചു.

എന്നാൽ ഇതേ കാലഘട്ടത്തിൽ ഉലഹന്നാൻ സ്വന്തപരിശ്രമത്താലും പിതാവിന്റെ സഹായം കൊണ്ടും കിടങ്ങൂർ ദേവസ്വത്തിന്റെ തനതു വസ്തുക്കളിൽപ്പെട്ട മാറിയിടം കരയിൽ മഞ്ഞനാനിക്കൽ പുരയിടം കാണപ്പാട്ടം വാങ്ങി അവിടെ താമസം തുടങ്ങി. ഇളയ മകൻ കുര്യേപ്പ് പൂവപ്പള്ളി കരയിൽ ഇടവഴിക്കൽ പുരയിടത്തിലും (കോത്തോച്ചിക്കുന്ന് എന്നും പറയും) താമസമാക്കി. ഇടവഴിക്കൽ താമസിച്ചിരുന്ന കുര്യേപ്പിന്റെ പിൻഗാമികൾ ഇവിടെയുമുണ്ടായിരുന്ന വസ്തുവകകൾ വിറ്റ് ആദ്യം ആനിക്കാട് അരുവിക്കുഴിഭാഗത്തും പിന്നീട് മലബാർഭാഗത്തേക്കും താമസം മാറ്റി.

ചിറക്കൽ കുര്യേപ്പിന്റെ മൂത്തമകൻ പോത്തൻ പിതാവിന്റെ കാലശേഷവും കുറെക്കാലംകൂടി വ്യാപാരം തുടർന്നെങ്കിലും അനാരോഗ്യവും സാമ്പത്തികത്തട്ടിപ്പുകാരുമൂലം വ്യാപാരം നിർത്തി. പോത്തന്റെ പിൻഗാമികളിൽ (5-ാം തലമുറ) രണ്ടു കുടുംബങ്ങൾ ഇപ്പോൾ ചിറക്കൽ താമസമുണ്ട്. പോത്തന്റെ മക്കളിൽ മാറിയിടം കരയിൽ വട്ടുകുളത്ത് താമസിച്ചിരുന്ന ഉലഹന്നാന്റെ രണ്ട് ആൺമക്കളിൽ തൊമ്മൻ പിതാവിന്റെ മരണശേഷം വീതം വിറ്റ് പീലിമലഭാഗത്ത് കുടിയേറി. അപ്പരൻ (ഔസേഫ്) വീതം വിറ്റ് വയനാടു ഭാഗത്തേക്കു പോയി.

മൂറ്റുപിടിക്കയിൽ കടവും ചേർപ്പുങ്കൽ മാർസ്ലീവാപ്പള്ളിയും

മീനച്ചിലാറിന്റെ വടക്കേക്കരയിൽ മൂറ്റുപിടിക്കയിൽ കടവിനടുത്ത് കുമ്മണ്ണൂർ കമ്പള്ളി ഇല്ലത്തിന് അവകാശമുള്ള ‘വാലേമറ്റം’ പുരയിടത്തിലാണ് ചേർപ്പുങ്കൽ പള്ളി ഇരുന്നിരുന്നത്. മാർ തോമ്മാശ്ലീഹായുടെ കാലം മുതൽ ഇവിടെ ഒരു ക്രൈസ്തവസമൂഹം പാർത്തിരുന്നതായും കുരിശു സ്ഥാപിച്ച് പ്രാർത്ഥിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു.

12-ാം നൂറ്റാണ്ടാദ്യത്തിൽ പള്ളി മീനച്ചിലാറിന്റെ തെക്കേക്കരയിലേക്കു മാറ്റി സ്ഥാപിക്കേണ്ടിവന്നു. തെക്കേക്കരയിൽ ഇല്ലത്തിന് അവകാശമുള്ള കോഴിമല പുരയിടത്തിലാണ് പള്ളി പണിതത്. പള്ളിപണിയാനും പള്ളിക്കടവിൽ വള്ളം അടുക്കാൻ സഹായകമാംവിധം നടകൾ കെട്ടുവാനും വേണ്ടി അനുവാദം നൽകിയത് കമ്പള്ളി ഇല്ലത്ത് ഹരിശ്ചന്ദ്രൻ നമ്പൂതിരിയായിരുന്നു. കുമ്മണ്ണൂർ നടയ്ക്കാങ്കുഴിയെന്ന ഇത്താക്ക് ഇട്ടിയവിരാപേർക്കായിരുന്നു സ്ഥലത്തിന്റെയും അനുവാദത്തിന്റെയും നീട്ടുരം. നടയ്ക്കാങ്കുഴിയെന്ന ഇല്ലത്തുനിന്നു ക്രിസ്തു മാർഗ്ഗം സ്വീകരിച്ച ശങ്കരൻ നമ്പൂതിരിയാണ് ഇത്താക്ക് ഇട്ടിയവിരാ. കമ്പള്ളി ഇല്ലത്തുനിന്നു ക്രിസ്തുമതം സ്വീകരിച്ച യുവതിയായിരുന്നു ഇട്ടിയവിരായുടെ ഭാര്യ. നീട്ടുരത്തിന്റെ തീയതി എ.ഡി. 1096/കൊ.വ. 271.

എ.ഡി. 1107 ൽ പള്ളി പണി ആരംഭിച്ച് 1112 ൽ പൂർത്തിയായതായി പള്ളിരേഖകളിൽ കാണുന്നു. വടക്കേക്കരയിൽ വാലേമറ്റത്ത് (മൂറ്റുപിടിക) പള്ളിയിൽ സൂക്ഷിച്ചിരുന്ന കുരിശും ഒറ്റപ്പലകയിൽ എഴുതപ്പെട്ട പ്രസിദ്ധമായ പേർഷ്യൻ കുരിശുരൂപത്രയവും പുതിയ പള്ളിയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചു. അങ്ങനെ 1112 എ.ഡി. യിൽ പള്ളി വടക്കേക്കരയിൽ നിന്നും (മൂറ്റുപിടിക) തെക്കേക്കരയിലേക്കു പൂർണ്ണമായി മാറ്റിയിരുന്നു. കൂടാതെ പള്ളിക്കടവിൽ വള്ളക്കാർക്കുവേണ്ടി കഞ്ഞിപ്പുരയും, വള്ളം അടുക്കാൻ പാകത്തിന് പടികളും കെട്ടിയിരുന്നെങ്കിലും വടക്കേക്കരയിലുള്ള മൂറ്റുപിടിക്കയിൽ കടവ് അവഗണിക്കപ്പെട്ടിരുന്നില്ല.

പടിഞ്ഞാറുനിന്നു വരുന്ന വള്ളങ്ങൾ തെക്കേക്കരയിലുള്ള പള്ളിക്കടവിൽ അടുക്കുന്നതിനു മുൻപ് വടക്കേക്കരയിലുള്ള മൂറ്റുപിടികക്കടവിലടുത്ത് ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നു. ഈ നില 19-ാം നൂറ്റാണ്ടുവരെ തുടർന്നുപോന്നു. ഈ സാഹചര്യത്തിലാണ് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കുര്യേപ്പ് ചേർപ്പുങ്കൽ വരുന്നതും മൂറ്റുപിടിക്കയിൽ കടവിനു സമീപം കോട്ടവഴിക്കു തെക്കു ചിറക്കൽ താമസിച്ച് വ്യാപാരം തുടങ്ങിയതും.

വിശ്വാസികളുടെ സംഖ്യ വർദ്ധിക്കുകയും നിലവിലിരുന്ന പള്ളി ആവശ്യങ്ങൾക്കു മതിയാകാതെ വരികയും ചെയ്തപ്പോൾ വട്ടമറ്റത്തിൽ പീലിപ്പോസച്ചന്റെ നേതൃത്വത്തിൽ പണിതതാണ് ഇന്നത്തെ ചെറിയപള്ളിയും പള്ളിമുറിയും. കാലാന്തരത്തിൽ കുറെക്കൂടി വലിയ പള്ളി പണിയണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എ.ഡി. 1107 ൽ പള്ളിപണിത അതേ സ്ഥാനത്ത് നിർമ്മിച്ചതാണ് ഇന്നത്തെ വലിയ പള്ളി. 1905 ഇടവം 6 ന് കിഴക്കേക്കര മത്തായിച്ചന്റെ കാലത്ത് ശിലാസ്ഥാപനം നടത്തി പണി തുടങ്ങി, പള്ളത്തുക്കുഴി തോമ്മാച്ചന്റെ കാലത്ത് 1912 ഇടവം 20 ന് പണി പൂർത്തിയായി. പള്ളിപണിക്ക് ശ്രമദാനം കഴിച്ച് അന്ന് ആകെ ചെലവ് 26,268 രൂപാ 17 ചക്രം 8 കാശ്. സിമന്റും കോൺക്രീറ്റും കെട്ടിടനിർമ്മാണരംഗം കൈയടക്കുന്നതിനു മുൻപ് വെട്ടുകല്ലും കുമ്മായവും മാത്രം ഉപയോഗിച്ചു പണിതതാണ് ഇന്നത്തെ വലിയ ദേവാലയം. 1984-ഫെ. 11 നു ചേർപ്പുങ്കൽ മാർസ്ലീവാപ്പള്ളിയെ ഫൊറോനായായി ഉയർത്തി (കടപ്പാട്-ചേർപ്പുങ്കൽ പള്ളി ഒരു ലഘുചരിത്രം എന്ന ഗ്രന്ഥത്തോട്).

മഞ്ഞനാനിക്കൽ മൂലകുടുംബം

പൂർവ്വപിതാമഹൻ - കുര്യേപ്പ് മകൻ ഉലഹന്നാൻ

ചേർപ്പുങ്കൽ ചിറക്കൽ പീടികയിൽ താമസമാക്കിയ വ്യാപാരി കുര്യേപ്പിന്റെ രണ്ടാമത്തെ മകൻ ഉലഹന്നാൻ കിടങ്ങൂർ പകുതിയിൽ മാറിയിടം കരയിൽ മഞ്ഞനാനിക്കൽ താമസമാക്കിയ വിവരം നേരത്തെ സൂചിപ്പിച്ചുവല്ലോ. ഏറ്റുമാനൂർ-പാലാ റോഡിൽ ചേർപ്പുങ്കൽ കവലയിൽ നിന്ന് ഏകദേശം 121​ കി.മീ. വടക്ക് ചേർപ്പുങ്കൽ-ആർപ്പൂക്കര റോഡിന്റെ കിഴക്കേ ഓരം ചേർന്നാണ് മഞ്ഞനാനിക്കൽ പുരയിടം. ഇവിടെയാണ് മഞ്ഞനാനിക്കൽ കുടുംബത്തിന്റെ മൂലതറവാട്.

കിടങ്ങൂർ ദേവസ്വത്തിൽ നിന്നും കാണപ്പാട്ടം വാങ്ങിയ മഞ്ഞനാനിക്കൽ പുരയിടത്തിന്റെ ജന്മവും പിൽക്കാലം ഉലഹന്നാൻ വാങ്ങുകയുണ്ടായി. പിതാവിന്റെ ഭാഗപത്രപ്രകാരം വടക്കേ-പെരിങ്ങോട്ടിക്കാവ് കരയിൽ പടിഞ്ഞാറെ മണ്ണൂർ പുരയിടവും പൂവപ്പള്ളി കരയിൽ കോത്തോച്ചിക്കുന്ന് മറ്റം പുരയിടത്തിൽ വടക്ക് അടുത്ത് നേർപകുതിയും, കോത്തോച്ചിക്കുന്ന് നിലത്തിൽ പകുതിയും ലഭിച്ചിരുന്നു. ഉലഹന്നാന്റെ ഭാര്യ ത്രേസ്യ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൂർവ്വപിതാമഹൻ ഉലഹന്നാൻ 1880 കളിൽ മരിച്ച് ചേർപ്പുങ്കൽ മാർ സ്ലീവാപള്ളിയിലെ പഴയ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു. കൃത്യമായ വർഷം അറിഞ്ഞുകൂടാ. രണ്ടും മൂന്നും തലമുറക്കാർ പിതാമഹന്റെ ചരമവാർഷികം പള്ളികർമ്മങ്ങൾ, ശ്രാദ്ധം എന്നിവയോടുകൂടി തവണ വച്ച് എല്ലാവർഷവും ഡിസംബർ 10-ാം തീയതി ആചരിച്ചുവന്നിരുന്നതായി കാണുന്നു. ഇപ്പോഴും മഞ്ഞനാനിക്കൽ കുടുംബത്തിലെ പിൻതലമുറക്കാർ ഡിസംബർ 10-ാം തീയതി പിതാമഹന്റെ ചരമദിനമായി ആചരിക്കുന്നു. ഉലഹന്നാന്റെ പിൻഗാമികൾ മഞ്ഞനാനിക്കൽ എന്ന മൂലകുടുംബപ്പേരിൽ അറിയപ്പെടുന്നു.

"യഹോവ ഞങ്ങൾക്കു വേണ്ടി വലിയ കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു."

സങ്കീർത്തനങ്ങൾ 126:3
© 2026 മഞ്ഞനാനിക്കൽ കുടുംബം. സർവ്വാവകാശവും നിക്ഷിപ്തം.